മാറ്റം............????
=============
ഇന്ത്യയിൽ നില നിൽക്കുന്ന ജനാധിപത്യ ഭരണ സംവിധാനമാണ് ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും ഉദാത്തമായ ഭരണ സംവിധാനം. കാരണം, അത് സാധാരണക്കാർക്ക് പരിപൂർണമായ സ്വാതന്ത്ര്യം നല്കുന്നു എന്നത് തന്നെയാണ്. ജനാധിപത്യമല്ലാത്ത മറ്റേതു ഭരണ സംവിധാനത്തിനും ഉള്ള പ്രധാന ന്യൂനത മേൽ പറഞ്ഞ സ്വാതന്ത്ര്യത്തിന്റെ അഭാവം ആണ്. മനുഷ്യ രാശിയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം ഏറെ വിലപ്പെട്ടതാണ്. ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട നേതാക്കളെല്ലാം ഗന്ധിജിയെപ്പോലെയും മണ്ടെലയെപ്പോലെയും ചെ ഗുവേരയെപ്പോലെയും ഒക്കെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ സ്വാതന്ത്ര്യത്തിനും വിമൊചനതിനും വേണ്ടി പോരാടിയവർ ആയിരുന്നു. ലോകത്തിൽ ഭരണകൂടത്തിൽ നിന്നും എല്ലാ വിധ ആനുകൂല്യങ്ങളും ലഭിച്ചു കൊണ്ട് ഏറ്റവും സമ്പൽ സമൃദ്ധമായ ജീവിതം നയിച്ച ഒരു ജന വിഭാഗമായിരുന്നു ലിബിയയിലേത്. അവർക്ക് ഏറെ ഐശ്വര്യ പൂർണ്ണമായ ഭരണം കാഴ്ച വച്ച അവരുടെ ശക്തനായ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയെ അതെ ജനത തെരുവിലിട്ട് തല്ലിക്കൊല്ലുന്ന ദൃശ്യം ഏറെ അൽബുധത്തൊടെ ലോകം നോക്കിക്കണ്ടാതാണ്. അവിടെ വില്ലനായത് പൌരന്റെ സ്വാതന്ത്ര്യം മാത്രമായിരുന്നു. ലിബിയിലും ഈജിപ്തിലും ഒക്കെ അരങ്ങേറിയ 'അറബ് വസന്തം' എന്നൊക്കെ പേരിട്ടു വിളിച്ച ആ ഒരു പ്രക്ഷോഭ പരമ്പരയുടെ ഒരു ചെറിയ സ്വധീനമെങ്കിലും അഴിമതി വിരുദ്ധ സമരത്തിനും സ്ത്രീ സംരക്ഷണത്തിനും ഒക്കെ ആയി ഇന്ത്യയിൽ തെരുവിലിറങ്ങിയ യുവാക്കളിൽ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ അത് മറ്റിടങ്ങളിൽ ഉണ്ടായ പോലെ ഭീകരമായ ഒരു അട്ടിമറിയിലേക്ക് പോകാതെ അവസാനം അത് ഒരു രാഷ്ട്രീയ ബദൽ ആയി പരിണമിച്ചത് എന്ത് കൊണ്ടാണ്? എല്ലാ തരത്തിലുള്ള പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഇടമുള്ള സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ ഭരണ സംവിധാനം ഇവിടെ നില നിന്നിരുന്നത് കൊണ്ട് മാത്രമാണ് അത്.
രാഷ്ട്രീയ ബദൽ എന്ന നിലക്ക് AAP യെ വിലയിരുത്തുമ്പോൾ നാം മനസ്സിലാക്കേണ്ട ഒരു പ്രധാന വസ്തുത ഉണ്ട്. ഇന്ത്യയിൽ ഇന്ന് നിലവിലുള്ള രാഷ്ട്രീയ കക്ഷികൾ മുഴുവനും ഓരോരോ ഘട്ടങ്ങളിൽ ജന വികാരത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ളവയാണ്. അവരൊക്കെയും അന്ന് മുന്നോട്ട് വച്ചതും നിലകൊണ്ടതും ഇന്ന് AAP ഉന്നയിക്കുന്ന ആശയങ്ങൾക്ക് വേണ്ടിയായിരുന്നു. മുഴുവൻ പാർട്ടികളുടെയും സ്ഥാപക നേതാക്കൾ അതാതു കാലഘട്ടത്തിലെ അല്ലെങ്കിൽ പ്രദേശങ്ങളിലെ അരവിന്ദ് കെജ്രിവാളുമാർ ആയിരുന്നു. ഒരു കക്ഷിയും അഴിമതിക്കോ മറ്റോ വേണ്ടി ഇവിടെ രൂപം കൊണ്ടിട്ടില്ല. ഇപ്പോഴും പ്രത്യക്ഷ്യമായെങ്കിലും AAP മുന്നോട്ട് വെക്കുന്ന ആശയങ്ങൾക്ക് വേണ്ടി തന്നെയാണ് മറ്റു കക്ഷികളും നില കൊള്ളുന്നത്. എന്നാൽ, ദീഘ കാലത്തെ പ്രവർത്തന വേളയിൽ പലപ്പോഴായി മാലിന്യങ്ങൾ കടന്നു കൂടുകയും ദുസ്വാധീനങ്ങളിൽ പെടുകയും അങ്ങിനെ അവരുടെ പ്രഖ്യാപിത ലക്ഷ്യത്തോട് നീതി പുലർത്താൻ കഴിയാതെ വരുകയും ചെയ്യുന്ന ഒരു ദുരന്തമാണ് സംഭവിച്ചത്. മാലിന്യത്തിന്റെ അളവ് കൂടും തോറും ഫലപ്രദമായി തിരുത്തൽ നടപടികൾ എടുക്കാൻ കഴിയാതെ വരുന്നതും നാം കാണുന്നു.
ഈ ഒരു സാഹചര്യത്തിൽ കേവലം ഒരു ബദൽ രാഷ്ട്രീയ കക്ഷി രൂപപ്പെട്ടു വരുന്നത് പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം ആവില്ല. മറിച്ച്, ഒരു താൽക്കാലിക മുന്നേറ്റം മാത്രമേ സാധ്യമാകൂ. എന്താണ് ശാശ്വത പരിഹാരം? രാഷ്ട്രീയ കക്ഷികളുടെ വിവിധ തലങ്ങളിലുള്ള നേതാക്കളെ നിശ്ചയിക്കുവാനുള്ള അവകാശവും വിവധ തലത്തിലുള്ള തിരഞ്ഞെടുപ്പുകളിൽ സ്ഥാനാര്തികളെ നിശ്ചയിക്കുവാനുള്ള അവകാശവും പൂര്ണമായി സാധാരണ പാർടി പ്രവർത്തകനും അത് വഴി ജനങ്ങൾക്കും ലഭിക്കണം. നയം തീരുമാനിക്കുന്നതിൽ സാധാരണ പാർട്ടി പ്രവർത്തകനും അത് വഴി ജനങ്ങൾക്കും പങ്കാളിത്തം ലഭിക്കണം. തെറ്റുകൾ തിരുത്തി വിനയത്തോടെ മുന്നോട്ട് പോകാൻ തീരുമാനിച് ഇറങ്ങി വരുന്ന വഴിക്ക് ധിക്കാരം വിളമ്പുന്ന നേതാവിനെ കണ്ടു സങ്കടം തോന്നുന്ന പാർടി പ്രവർത്തകന് ആ നേതാവിരിക്കുന്ന സ്ഥാനത്ത് ഇരിക്കേണ്ടത് ആരാണ് എന്ന് തീരുമാനിക്കാൻ അവസരം ലഭിച്ചാൽ..................., സാമുദായിക നേതാക്കൾ വായിൽ തോന്നുന്നത് പറയുമ്പോൾ തലകുനിച്ചിരിക്കുന്ന നേതാവിനെ കണ്ട് വേദന തോന്നുന്ന പാർട്ടി പ്രവർത്തകന് ആ നേതാവിരിക്കുന്നിടത് ആര് ഇരിക്കണം എന്ന് തീരുമാനിക്കാൻ അവസരം ലഭിച്ചാൽ.................., മാഫിയകൾക്കും സാമ്പത്തിക ശക്തികൾക്കും വേണ്ടി നിലപാടെടുക്കുന്ന നേതാക്കളെ കാണുമ്പോൾ അവരെ തുടരാൻ അനുവദിക്കണോ എന്ന് തീരുമാനിക്കാൻ നമുക്ക് അവസരം ലഭിച്ചാൽ...... ഫലം ഒട്ടും മോശമാകില്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഈ മാറ്റം ശരിയായ അർത്ഥത്തിൽ ഏതെങ്കിലും ഒരു പാർടിയിൽ ഉണ്ടായാൽ മാറാതെ മറ്റുള്ളവർക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല എന്നതാണ് വസ്തുത. ഡൽഹിയിൽ മുഖ്യ മന്ത്രി സ്ഥാനാർഥിയായി BJP കൊണ്ട് വരാൻ ഉദ്ദേശിച്ച ഗോയലിനെ മാറ്റി പകരം മെച്ചപ്പെട്ട ഇമേജും ജനസമ്മിതിയും ഉള്ള ഹർഷവർദ്ധനെ കൊണ്ട് വരേണ്ടി വന്നത് AAP യുടെ സ്വാധീനം ആയിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. ഇത് തന്നെയാണ് ഞാൻ പറഞ്ഞ ആ മാറ്റം.

No comments:
Post a Comment