Friday, December 27, 2013

അമ്പലക്കാള: ഒരു ചോദ്യം....ഒരൊറ്റ ചോദ്യം........
============================================


കാഞ്ഞിരപ്പള്ളി ഗണപതി ക്ഷേത്രത്തിലെ കാളയെ കൊന്ന സംഭവം കുറച്ച് ദിവസമായി കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിശിഷ്യാ 'online കേരളത്തിൽ'. പ്രത്യേകിച്ചും ഫെയിസ്ബൂക്കിലെ ഒക്കെ ഇത്തരം വിഷയങ്ങളിൽ തല്പര ഗ്രൂപുകളിൽ...... പിന്നെ താല്പ്പര പത്രങ്ങളിലും...

ഇനി ആ വാർത്തകളും ചർച്ചകളും വിശധമായി ഒന്ന് പരിശോധിക്കാം.:

ആദ്യ ദിവസം ക്ഷേത്രത്തിലെ കാള ക്ഷേത്ര വളപ്പിൽ കൊല്ലപ്പെട്ട നിലയിൽ എന്ന് വാർത്ത വന്നു എല്ലാ പത്രങ്ങളിലും. ആര് ചെയ്തതായാലും അക്രമമാണ്. അവരെ കണ്ടുപിടിച്ചു മാതൃകാപരമായ ശിക്ഷ നല്കണം എന്ന് നമ്മളൊക്കെ ചിന്തിച്ചു. എന്നാൽ ഒരു വിഭാഗം താല്പ്പര കക്ഷികൾ സോഷ്യൽ മീഡിയകളിൽ വന്നു കസറൽ തുടങ്ങി. ഇതിനു പിന്നിൽ പ്രവർത്തിച്ചത് നമ്മടെ 'വേൾഡ്ഫെയിമസ്  തീവ്രവാദി'കളാണ്. അവന്മാരെ ഇന്നാട്ടിൽ നിന്നും കെട്ടു കെട്ടിചാലെ നാട്ടിൽ സമാധാനം ഉണ്ടാവൂ.... പകരത്തിനു പകരം ഉടൻ കാണിച്ചു തരാം എന്ന് തുടങ്ങി ഓണ്‍ലൈൻ അട്ടഹാസങ്ങൾ..... ഇക്കൂട്ടരുടെ പത്രത്തിലെ വാർത്തയും അന്ന് പച്ചക്ക് അത്തരത്തിൽ തന്നെ ആയിരുന്നു താനും..... എതിർ കക്ഷികളുടെ മാധ്യമങ്ങൾ ആവട്ടെ കാത്തിരുന്നു കാണാം എന്ന ഒരു 'മൌനം വിദ്വാനു ഭൂഷണം' നിലപാടും സ്വീകരിച്ചു.

അടുത്ത ദിവസം കേസിലെ മുഖ്യ പ്രതി പോലീസ് പിടിയിലായി. പ്രതിയുടെ പേര് കണ്ടത്ത് വീട്ടിൽ രാഗേഷ് എന്ന കണ്ണൻ ആണെന്നും പത്രങ്ങളിൽ വാർത്ത വന്നു. ഉടൻ തലേ ദിവസം മൌനത്തിൽ ഇരുന്ന വിദ്വാന്മാർ എല്ലാം സട കുടഞ്ഞെഴുന്നേറ്റ്‌ താന്താങ്ങളുടെ ജോലി തുടങ്ങി. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ലവന്മാരുടെ കളി പൊലിഞ്ഞു. തുടങ്ങി ആഗോള തലത്തിലെ മുസ്ലിം വിരുദ്ധ കളികളുടെ ചുരുളും കൂട്ടത്തിൽ അവർ അഴിച്ചിട്ടു വീശി... ഇവരും ഇവരുടെ മാധ്യമങ്ങളും ഒട്ടും മോശമാക്കിയില്ല... പ്രതി ഹിന്ദു ഐക്യ വേദി പ്രവര്തകനാണ് എന്നും അവർ ഈ വിഷയത്തിൽ നടത്തിയ പ്രതിഷേധ പരിപാടികളിൽ പ്രതി പങ്കെടുത്തു എന്നും ഒക്കെ അവർ വച്ച് കാച്ചി.(എന്തെരോ എന്തോ?). തലേ ദിവസത്തിന്റെ തനിയാവര്ത്തനം. മറുകൂട്ടർ മൌനത്തിൽ....

മൂന്നാം ദിവസം ഇതുമായി ബന്ധപെട്ട പത്ര വാർത്തകൾ ഇങ്ങനെ ആയിരുന്നു. ചോദ്യം ചെയ്യലിൽ മറ്റൊരു കൂട്ട് പ്രതി കൂടി ഉള്ളതായി പ്രതി സമ്മതിച്ചു എന്നും കൂട്ട് പ്രതിയായ ഷമീറിനെ പോലീസ് തിരയുന്നു എന്നും ആയിരുന്നു വാര്ത്ത. രണ്ടാം  ദിവസം മൌനത്തിൽ ആയവർ മൂന്നാം ദിവസം ഉണർന്നെഴുന്നേറ്റു ഡ്യൂട്ടി തുടങ്ങി. പിടിക്കപ്പെട്ട പ്രതി ക്രിസ്ത്യാനി ആണെന്നും വർഷങ്ങൾക്കു മുൻപ് മതം മാറിയ കുലംകുത്തി ആണെന്നും ബാകി പിടികിട്ടാനുള്ള മുസ്ലിം പ്രതിയെ കൂട്ടുപിടിച്ച് ഒരു വര്ഗീയ സഖ്യ ഏർപ്പാടാണ് നടന്നത് എന്നും അവർ അങ്ങ് പ്രഖ്യാപിച്ചു. ക്രിസ്മസ് സീസണിൽ കുളംബ് രോഗം കാരണം മാട്ടിറച്ചിക്ക് ക്ഷാമമായതിനാൽ മോഷ്ടിച്ച് കഷാപുകാർക്കു കൊടുക്കലായിരുന്നു എന്ന് പ്രതി പറഞ്ഞ വിവരം ഇവർ അറിയാഞ്ഞിട്ടവാൻ വഴിയില്ല. (കശാപ്പുകാരൻ ഏതാണാവോ ജാതി മതം)

മാധ്യമങ്ങളെ ഒക്കെ വഴികുവിട്ട് നമ്മടെ നെറ്റ്‌വർക്ക് വച്ച് ഒന്ന് അന്വേഷിച്ചു നോക്കി... സംഗതി വ്യക്തം. പക്കാ മോഷണം ആയിരുന്നു നടന്നത്. മോഷണ ശ്രമത്തിനിടെ കാള ശുഭം... അത്രേ ഉള്ളൂ സംഗതി....

എനിക്കും നിങ്ങള്ക്കും സംഗതി മനസ്സിലായി. സന്തോഷം. പക്ഷേ മേൽപറഞ്ഞ രണ്ടു കൂട്ടർക്കും ഇത് മനസ്സിലായിട്ടില്ല, മനസ്സിലാകുകയും ഇല്ല. കാരണം, അവർ ഇത്തരം വാർത്തകൾക്ക് അവരുടെ തൽപ്പര മാധ്യമങ്ങളെ മാത്രമേ ആശ്രയിക്കൂ... അപ്പൊ പിന്നെ അവർ എങ്ങിനെ ആ പൊട്ട കിണറ്റിൽ നിന്നും കരകയറും?

എന്റെ ചില സുഹൃത്തുക്കൾ എങ്കിലും ചോദിക്കും, 'ഇതൊക്കെ ഇപ്പൊ ഇവിടെ പറയാൻ............?' എന്ന്. ഒന്നൂല്ല ഇതൊക്കെ പറഞ്ഞത് നമ്മുടെ നാട്ടാരുടെ മുഖത്ത് നോക്കി ഒരു ചോദ്യം ചോദിക്കാനാണ്. ഒരു ചോദ്യം....ഒരൊറ്റ ചോദ്യം........

"എന്താടോ.... നന്നാവാത്തെ...?"

Monday, December 9, 2013

മാറ്റം............????
=============

ആം ആദ്മി പാർടിയുടെ ഡൽഹിയിലെ വിജയം ഇന്ത്യയിലുടനീളം യുവാക്കളെ വിശിഷ്യാ മധ്യവര്ഗ്ഗ യൌവ്വനത്തെ ആവേശം കൊള്ളിക്കുന്നുണ്ട്. ഡൽഹിക്ക് പുറത്തുള്ളവർ തങ്ങളുടെ സിറ്റികളിലും ഇത്തരം ഒരു മാറ്റത്തിന്റെ കാറ്റ് വീശണം എന്ന്  ആഗ്രഹിക്കുന്നു. കാരണം എന്താണ്? അതൊരു വലിയ ചോദ്യമാണ് എങ്കിലും ഉത്തരം വ്യക്തമാണ്. ഇന്ത്യയിൽ നിലവിലുള്ള കക്ഷികളുടെ ചെയ്തികളിൽ അവര്ക്ക് മടുപ്പ് വന്നിരിക്കുന്നു. അഴിമതി, സ്വജന പക്ഷപാതം, ജനങ്ങളോടുള്ള ഒരു യജമാന സംമീപനം, സങ്കുചിത സാമുദായിക ശക്തികളുടെയും കോർപ്പറേറ്റ് ശക്തികളുടെയും ഒക്കെ മുന്നിൽ വ്യക്തിത്വം നഷ്ടപ്പെടുത്താതെ നിൽക്കാൻ കെൽപ്പില്ലയ്മ തുടങ്ങി ഒട്ടനവധി കാരണങ്ങള ഉണ്ട് അതിന്. ഇത്തരം ദുർഗുണങ്ങൾ ഒന്നും ഇല്ലാത്ത ഒരു ബദൽ ശക്തി എന്ന നിലക്കാണ് AAP ഇപ്പോൾ അവർക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ ജനങ്ങൾ അതിനെ ഇരു കൈകളും നീട്ടി സ്വീകരിച്ചതിൽ അദ്ബുധമില്ല.

ഇന്ത്യയിൽ നില നിൽക്കുന്ന ജനാധിപത്യ ഭരണ സംവിധാനമാണ് ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും ഉദാത്തമായ ഭരണ സംവിധാനം. കാരണം, അത് സാധാരണക്കാർക്ക് പരിപൂർണമായ സ്വാതന്ത്ര്യം നല്കുന്നു എന്നത് തന്നെയാണ്. ജനാധിപത്യമല്ലാത്ത മറ്റേതു ഭരണ സംവിധാനത്തിനും ഉള്ള പ്രധാന ന്യൂനത മേൽ പറഞ്ഞ സ്വാതന്ത്ര്യത്തിന്റെ അഭാവം ആണ്. മനുഷ്യ രാശിയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം ഏറെ വിലപ്പെട്ടതാണ്‌. ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട നേതാക്കളെല്ലാം ഗന്ധിജിയെപ്പോലെയും മണ്ടെലയെപ്പോലെയും ചെ  ഗുവേരയെപ്പോലെയും  ഒക്കെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ സ്വാതന്ത്ര്യത്തിനും വിമൊചനതിനും വേണ്ടി പോരാടിയവർ ആയിരുന്നു. ലോകത്തിൽ ഭരണകൂടത്തിൽ നിന്നും എല്ലാ വിധ ആനുകൂല്യങ്ങളും ലഭിച്ചു കൊണ്ട് ഏറ്റവും സമ്പൽ സമൃദ്ധമായ ജീവിതം നയിച്ച ഒരു ജന വിഭാഗമായിരുന്നു ലിബിയയിലേത്. അവർക്ക് ഏറെ ഐശ്വര്യ പൂർണ്ണമായ ഭരണം കാഴ്ച വച്ച അവരുടെ ശക്തനായ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയെ അതെ ജനത തെരുവിലിട്ട് തല്ലിക്കൊല്ലുന്ന ദൃശ്യം ഏറെ അൽബുധത്തൊടെ ലോകം നോക്കിക്കണ്ടാതാണ്. അവിടെ വില്ലനായത് പൌരന്റെ സ്വാതന്ത്ര്യം മാത്രമായിരുന്നു. ലിബിയിലും ഈജിപ്തിലും ഒക്കെ അരങ്ങേറിയ 'അറബ് വസന്തം' എന്നൊക്കെ പേരിട്ടു വിളിച്ച ആ ഒരു പ്രക്ഷോഭ പരമ്പരയുടെ ഒരു ചെറിയ സ്വധീനമെങ്കിലും അഴിമതി വിരുദ്ധ സമരത്തിനും സ്ത്രീ സംരക്ഷണത്തിനും ഒക്കെ ആയി ഇന്ത്യയിൽ തെരുവിലിറങ്ങിയ യുവാക്കളിൽ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ അത് മറ്റിടങ്ങളിൽ ഉണ്ടായ പോലെ ഭീകരമായ ഒരു അട്ടിമറിയിലേക്ക് പോകാതെ അവസാനം അത് ഒരു രാഷ്ട്രീയ ബദൽ ആയി പരിണമിച്ചത്  എന്ത് കൊണ്ടാണ്? എല്ലാ തരത്തിലുള്ള പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഇടമുള്ള സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ ഭരണ സംവിധാനം ഇവിടെ നില നിന്നിരുന്നത് കൊണ്ട് മാത്രമാണ് അത്.

രാഷ്ട്രീയ ബദൽ എന്ന നിലക്ക് AAP യെ വിലയിരുത്തുമ്പോൾ നാം മനസ്സിലാക്കേണ്ട ഒരു പ്രധാന വസ്തുത ഉണ്ട്. ഇന്ത്യയിൽ ഇന്ന് നിലവിലുള്ള രാഷ്ട്രീയ കക്ഷികൾ മുഴുവനും ഓരോരോ ഘട്ടങ്ങളിൽ ജന വികാരത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ളവയാണ്. അവരൊക്കെയും അന്ന് മുന്നോട്ട് വച്ചതും നിലകൊണ്ടതും ഇന്ന് AAP ഉന്നയിക്കുന്ന ആശയങ്ങൾക്ക് വേണ്ടിയായിരുന്നു. മുഴുവൻ പാർട്ടികളുടെയും സ്ഥാപക നേതാക്കൾ  അതാതു കാലഘട്ടത്തിലെ അല്ലെങ്കിൽ പ്രദേശങ്ങളിലെ അരവിന്ദ് കെജ്രിവാളുമാർ ആയിരുന്നു. ഒരു കക്ഷിയും അഴിമതിക്കോ മറ്റോ വേണ്ടി ഇവിടെ രൂപം കൊണ്ടിട്ടില്ല. ഇപ്പോഴും പ്രത്യക്ഷ്യമായെങ്കിലും AAP മുന്നോട്ട് വെക്കുന്ന ആശയങ്ങൾക്ക് വേണ്ടി തന്നെയാണ് മറ്റു കക്ഷികളും നില കൊള്ളുന്നത്.  എന്നാൽ, ദീഘ കാലത്തെ പ്രവർത്തന വേളയിൽ പലപ്പോഴായി മാലിന്യങ്ങൾ കടന്നു കൂടുകയും ദുസ്വാധീനങ്ങളിൽ പെടുകയും അങ്ങിനെ അവരുടെ പ്രഖ്യാപിത ലക്ഷ്യത്തോട് നീതി പുലർത്താൻ കഴിയാതെ വരുകയും ചെയ്യുന്ന ഒരു ദുരന്തമാണ് സംഭവിച്ചത്. മാലിന്യത്തിന്റെ അളവ് കൂടും തോറും ഫലപ്രദമായി തിരുത്തൽ നടപടികൾ എടുക്കാൻ കഴിയാതെ വരുന്നതും നാം കാണുന്നു.

ഈ ഒരു സാഹചര്യത്തിൽ കേവലം ഒരു ബദൽ രാഷ്ട്രീയ കക്ഷി രൂപപ്പെട്ടു വരുന്നത് പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം ആവില്ല. മറിച്ച്, ഒരു താൽക്കാലിക മുന്നേറ്റം മാത്രമേ സാധ്യമാകൂ. എന്താണ് ശാശ്വത പരിഹാരം? രാഷ്ട്രീയ കക്ഷികളുടെ വിവിധ തലങ്ങളിലുള്ള നേതാക്കളെ നിശ്ചയിക്കുവാനുള്ള അവകാശവും വിവധ തലത്തിലുള്ള തിരഞ്ഞെടുപ്പുകളിൽ സ്ഥാനാര്തികളെ നിശ്ചയിക്കുവാനുള്ള അവകാശവും പൂര്ണമായി സാധാരണ പാർടി പ്രവർത്തകനും അത് വഴി ജനങ്ങൾക്കും ലഭിക്കണം. നയം തീരുമാനിക്കുന്നതിൽ സാധാരണ പാർട്ടി പ്രവർത്തകനും അത് വഴി ജനങ്ങൾക്കും പങ്കാളിത്തം ലഭിക്കണം. തെറ്റുകൾ  തിരുത്തി വിനയത്തോടെ മുന്നോട്ട് പോകാൻ തീരുമാനിച് ഇറങ്ങി വരുന്ന വഴിക്ക് ധിക്കാരം വിളമ്പുന്ന നേതാവിനെ കണ്ടു സങ്കടം തോന്നുന്ന പാർടി പ്രവർത്തകന് ആ നേതാവിരിക്കുന്ന സ്ഥാനത്ത് ഇരിക്കേണ്ടത് ആരാണ് എന്ന് തീരുമാനിക്കാൻ അവസരം ലഭിച്ചാൽ..................., സാമുദായിക നേതാക്കൾ വായിൽ തോന്നുന്നത് പറയുമ്പോൾ തലകുനിച്ചിരിക്കുന്ന നേതാവിനെ കണ്ട് വേദന തോന്നുന്ന പാർട്ടി പ്രവർത്തകന് ആ നേതാവിരിക്കുന്നിടത് ആര് ഇരിക്കണം എന്ന് തീരുമാനിക്കാൻ അവസരം ലഭിച്ചാൽ.................., മാഫിയകൾക്കും സാമ്പത്തിക ശക്തികൾക്കും വേണ്ടി നിലപാടെടുക്കുന്ന നേതാക്കളെ കാണുമ്പോൾ അവരെ തുടരാൻ അനുവദിക്കണോ എന്ന് തീരുമാനിക്കാൻ നമുക്ക് അവസരം ലഭിച്ചാൽ...... ഫലം ഒട്ടും മോശമാകില്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഈ മാറ്റം ശരിയായ അർത്ഥത്തിൽ ഏതെങ്കിലും ഒരു പാർടിയിൽ ഉണ്ടായാൽ മാറാതെ മറ്റുള്ളവർക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല എന്നതാണ് വസ്തുത. ഡൽഹിയിൽ മുഖ്യ മന്ത്രി സ്ഥാനാർഥിയായി BJP കൊണ്ട് വരാൻ ഉദ്ദേശിച്ച ഗോയലിനെ മാറ്റി പകരം മെച്ചപ്പെട്ട ഇമേജും ജനസമ്മിതിയും ഉള്ള ഹർഷവർദ്ധനെ കൊണ്ട് വരേണ്ടി വന്നത് AAP  യുടെ സ്വാധീനം ആയിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. ഇത് തന്നെയാണ് ഞാൻ പറഞ്ഞ ആ മാറ്റം.

അങ്ങിനെ ഒരു മാറ്റം കക്ഷികളിൽ ഉണ്ടായാൽ, സ്വാഭാവികമായും നയവും പ്രത്യയ ശാസ്ത്രവും നോക്കി വോട്ട് ചെയ്യാനുള്ള രാഷ്ട്രീയ പക്വതയിലേക്ക് പൊതു ജനവും വളരും തീർച്ച......

Sunday, November 24, 2013

കെജ്രിവാളിസം.
==============

ഡൽഹി സംസ്ഥാനത്ത് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ്, ഇന്ത്യാ മഹാ രാജ്യം നേരിടാൻ പോകുന്ന വിധി നിർണായകമായ ഒരു ലോക്സഭാ പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ അകെ ശ്രദ്ധാ കേന്ദ്രം ആയി മാറിയിരിക്കുകയാണ്. ഡൽഹി, കേന്ദ്ര ഭരണത്തിന്റെ സിരാ കേന്ദ്രം ആയതു തന്നെയാണ് തിരഞ്ഞെടുപ്പിന്പ്രാ ധാന്യം ഏറാൻ കാരണം.

ഡൽഹിയിൽ ഭരണത്തിലിരിക്കുന്ന കൊണ്ഗ്രെസ്സിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പോലെ ഷീല ദീക്ഷിതിന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവര്ത്തനങ്ങളുടെ പേരിൽ വീണ്ടും അധികാരതിലെതാമെന്ന് അവർ ആത്മ വിശ്വാസം വച്ച് പുലർത്തുന്നു. ഒന്നും രണ്ടും യു പി യെ സർക്കാരുകൾ കൊണ്ട് വന്ന വിപ്ലവകരമായ നിയമങ്ങളുടെയും ജനങ്ങള്ക്ക് നെരിട്ട് ഗുണഫലം ലഭിക്കുന്ന പദ്ധതികളുടെയും അനുകൂല പ്രതികരണത്തിൽ  കൂടി രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ കൊണ്ഗ്രെസ്സ് ഘടകങ്ങളെ പോലെ ദൽഹി ഘടകവും കണ്ണ് വയ്ക്കുന്നുണ്ട്.  എന്നാൽ പ്രതിപക്ഷ മായ ബി ജെ പി തികഞ്ഞ ആത്മ വിശ്വാസത്തിലാണ് താനും. കേന്ദ്ര സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളുടെയും അഴിമതി വിരുദ്ധ (സർക്കാർ വിരുദ്ധ) സമരങ്ങളിലെ ജന പങ്കാളിത്തത്തിന്റെയും  പശ്ചാത്തലത്തിൽ ആണ് അവർ പ്രതീക്ഷ വയ്ക്കുന്നത്. മുഖ്യ മന്ത്രി സ്താനാർതിയെ പ്രഖ്യാപിച്ചതോടെ സ്ഥാനാര്തിത്വതെ മുന് നിർത്തി ഉയര്ന്ന പ്രശ്നങ്ങൾക്ക് പരിഹാരമായത് അവർക്ക് ആശ്വാസമാവുകയും ചെയ്തു. 

എന്നാൽ ഈ രണ്ടു വിഭാഗങ്ങളെയും ഒരേ പോലെ ആശങ്കപ്പെടുത്താൻ തക്കം മറ്റൊരു രാഷ്ട്രീയ ശക്തി കൂടി വളര്ന്നു വന്നിരിക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിനെ ഏറെ സവിശേഷമാക്കുന്നത്. അരവിന്ദ് കെയ്ജിരിവാലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആം ആദ്മി പാര്ടിയാണ് അത്. ഡൽഹി മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന കെയ്ജിരിവാലിന്റെ പാർടിക്ക് അത്തരത്തിൽ ഒരു വിജയം സാധ്യമാകും എന്ന് ആരും കരുതുന്നില്ല. എന്നാൽ, ജയ പരാജയങ്ങളെ സ്വാധീനിക്കാൻ ഒരു പക്ഷെ അവര്ക്ക് കഴിഞ്ഞേക്കാം. തിരഞ്ഞെടുപ്പിന് ശേഷം വ്യക്തത ഇല്ലാത്ത ജനവിധി ആണെങ്കിൽ ആര് അധികാരത്തിൽ വരണം എന്ന് തീരുമാനിക്കാൻ അവര്ക്ക് കഴിഞ്ഞേക്കാം എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ ആകെ വിലയിരുത്തുന്നത്. 

ആം ആദ്മി പാർടി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നു  എന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം, ഇന്ത്യാ രാജ്യം സ്വാതന്ത്യം നേടി പരമാധികാര റിപബ്ലിക് ആയി മാറി പതിറ്റാണ്ടുകൾ പിന്നിട്ട് വർത്തമാന കാലത്ത് എത്തി നിൽക്കുമ്പോൾ അഴിമതി പോലുള്ള ഒട്ടനവധി പ്രശ്നങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ആ പ്രശ്നങ്ങളിൽ ഏറ്റവും ഗുരുതരമായത് നാം ഒക്കെ മനസ്സിലാക്കിയതിനും അപ്പുറം, മധ്യ വർഗ്ഗ ഉപരി വര്ഗ്ഗങ്ങൾക്കിടയിൽ വല്ലാതെ വളർന്നു വന്ന 'അരാഷ്ട്രീയ ചിന്ത' യാണ്. ഏറ്റവും സുസജ്ജമായ ജനാധിപത്യ ഭരണ സംവിധാനം നില നിൽക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം 'രാഷ്ട്രീയത' അതിന്റെ ജീവ വായു ആയി വേണം കണക്കാക്കാൻ. അത് കക്ഷി രാഷ്ട്രീയത്തിൽ അധിഷ്ടിതം ആവണമെന്നില്ല, മറിച് ഭരണകൂടത്തെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ അവനവന്റെ പങ്ക് ഉറപ്പ് വരുത്താനുള്ള ഒരു താൽപര്യം ആയെങ്കിലും അത് ഉണ്ടായേ തീരൂ. അത്തരത്തിൽ ജനങ്ങളെ ബോധാവൽക്കരിച് രാഷ്ട്രീയ വൽക്കരിക്കുന്നതിൽ നിലവിലുള്ള കക്ഷികൾ പൂർണമായും പരാജയപ്പെടുന്ന ഒരു പശ്ചാത്തലത്തിൽ ആയിരുന്നു ആം ആദ്മി പാർടിയുടെ കടന്നു വരവ്.

മേൽ പറഞ്ഞ തരത്തിൽ ഉള്ള ആരോഗ്യപരമായ ബോധാവൽക്കരണത്തിൽ മറ്റുള്ളവർ പരാജയപ്പെട്ടിടത്ത് വിജയം കൈവരിച്ചാണ് കെജിരിവാളും കൂട്ടരും കടന്നു വരുന്നത് എന്ന് വാദിക്കാൻ കഴിയില്ല. മറിച് ജനങ്ങളിൽ ആഴത്തിൽ വേരുറപ്പിച്ചിരുന്ന ആരാഷ്ട്രീയതയെ ഉദ്വീപിപ്പിച്ച് അവരെ തെരുവിലിറക്കിയ ശേഷം തന്ത്ര പൂർവ്വം അവരെ ഒരു രാഷ്ട്രീയ മേല്ക്കൂരക്ക് കീഴിലേക്ക് കൊണ്ട് വരുകയാണ് അവർ ചെയ്തത്. ഒരു പക്ഷെ തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങളെ കരു പിടിപ്പിക്കാൻ അവർ ആവിഷ്കരിച്ച തന്ത്രമാകാം അത്. അല്ലെങ്കിൽ പ്രശ്നങ്ങൾക്ക് എതിരെ ആത്മാർഥമായി രംഗത്ത് വന്ന ശേഷം യഥാർത്ഥ പരിഹാരം എന്തെന്ന ചിന്തയിൽനിന്നും പരിഹാര മാർഗത്തിൽ എത്തി ചേർന്നതും ആവാം. എന്ത് തന്നെ ആയാലും, അവസാനം ആ മൂവ്മെന്റ് എത്തിപ്പെട്ട നിലപാട് സ്വാഗതാർഹാമാണ്. മാത്രമല്ല, ഈ കൂട്ടായ്മയിൽ ജാതിയുടെയോ മതത്തിന്റെയോ മറ്റെതെങ്കിലും സങ്കുചിത ചിന്തയുടെയോ താൽപര്യം ഇല്ല എന്നതും ഇതിന്റെ പ്രസക്തിയെ വർധിപ്പിക്കുന്നു. എന്നാൽ, ഇത്തരത്തിൽ ചെറു കക്ഷിയായി രൂപപ്പെട്ടു വരുന്ന സംഘങ്ങളെ സംബന്ധിച്ചിടത്തോളം അവർക്ക് ഒട്ടേറെ പരിമിതികൾ ഉണ്ട്. 

അവനവന്റെ കാഴ്ച്ചപ്പടുകൾക്ക് താതാത്മ്യം പ്രാപിക്കാവുന്ന നിലവിലെ രാഷ്ട്രീയ കക്ഷികളിൽ കടന്നു കൂടി അവക്കകത്ത് തിരുത്തൽ ശക്തിയായി വർത്തിക്കുക എന്നതാണ് ഏറെ ക്രിയത്മകമാകുക. അത്തരത്തിൽ ഗുണകരമായ അനക്കങ്ങൾ നിലവിലെ ചില രാഷ്ട്രീയ കക്ഷികളിൽ ചെറുതായെങ്കിലും നടക്കുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നല്കുന്നതാണ്........................