Tuesday, December 23, 2014

മുണ്ടൻ മഹാ രാജ്യത്തെ മുണ്ടൂരി സമരം.



പണ്ട് പണ്ടൊരിടത്ത് 'മുണ്ടൻ മഹാരാജ്യം' എന്ന ഒരു രാജ്യമുണ്ടായിരുന്നു. മുണ്ട് ആയിരുന്നു  അന്നാട്ടുകാരുടെ മുഴുവൻ വേഷം. അതുകൊണ്ടാണത്രെ രാജ്യത്തിന്  'മുണ്ടൻ മഹാരാജ്യം' എന്ന പേര് വന്നത്. മുണ്ടല്ലാതെ ലോകത്തുള്ള മറ്റൊരു വസ്ത്ര രീതിയും അവർ കേട്ടിട്ട്  പോലും ഇല്ല. കൂട്ടത്തിൽ ഏറ്റവും വലിയ മുണ്ട് ഉള്ള ആളിനെയാണ് അവർ രാജാവായി വാഴിചിരുന്നത്. 'വലിയ മുണ്ടൻ കോയിത്തമ്പുരാൻ' എന്നായിരുന്നു രാജാവിന്റെ സ്ഥാനപ്പേര്. രാജാവിനെ ഭരണത്തിൽ സഹായിക്കാൻ ഏതാനും 'മന്ത്രി മുണ്ടവന്മാരും' ഉണ്ടായിരുന്നു. അങ്ങനെ രാജ്യം വളരെ സമാധാനത്തോടെ ജനങ്ങളെല്ലാം ഏകോദര സഹോദരന്മാരെ പോലെ സസന്തോഷം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

എല്ലാ ജനങ്ങളും ഒരേ വസ്ത്ര രീതിയും ഒരേ മനസ്സും ഉള്ളവരായിരുന്നു എങ്കിലും അവർക്ക് ഇടയിൽ ചെറിയ ഒരു വിത്യാസം വളർന്ന് വരാൻ തുടങ്ങി. എല്ലാവരും ഒരേ പോലെ വലതു വശത്തേക്ക് ആയിരുന്നു മുണ്ട് ഉടുത്തിരുന്നത് എങ്കിലും ഇടക്ക് ചിലർ അവരുടെ വ്യക്തിപരമായ ചില സൌകര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇടത് വശത്തേക്ക് മുണ്ട് ഉടുക്കാൻ തുടങ്ങി. ക്രമേണ ഇത് അവർക്കിടയിൽ പ്രകടമായ ഒരു വിത്യാസമായി മാറി. വലത് വശത്തേക്ക് മുണ്ടുടുക്കുന്നവർ 'വലതു മുണ്ടന്മാർ' എന്നും ഇടതു വശത്തേക്ക് മുണ്ടുടുക്കുന്നവർ 'ഇടതു മുണ്ടന്മാർ' എന്നും അറിയപ്പെടാൻ തുടങ്ങി. ക്രമേണ ഇരു വിഭാഗവും സംഘം ചേരാനും സംഘടിക്കാനും തുടങ്ങി.
 
" നാടിന്റെ പാരമ്പര്യം വലത് വശത്തേക്ക് മുണ്ടുടുക്കുന്നത് ആണെന്നും, പാരമ്പര്യത്തെ നിഷേധിക്കുന്നത് രാജ്യത്തിന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്"

എന്നും ഉദ്ഘോഷിച്ചു കൊണ്ട് വലതു മുണ്ടാന്മാർ സ്വയം പാരമ്പര്യ വാദികളുടേയും പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും  സംരക്ഷകരുടെയും കുപ്പായം എടുത്തണിഞ്ഞു.  

 "ഇത് ഞങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും, പാരമ്പര്യമായി ചെയ്തു വന്നതോക്കെയും ശരിയും പുതിയതെന്തും തെറ്റും ആണെന്നും ഉള്ള ധാരണ ശരിയല്ലെന്നും. ഒരു സമൂഹത്തിന്റെ സാംസ്കാരികമായ വളർച്ച ഉണ്ടാകുന്നത് പുതിയ അനിവാര്യതകളെ ഉൾക്കൊള്ളുമ്പോൾ ആണ്"

എന്നും വാദിച്ചു കൊണ്ട് സ്വാഭാവികമായും ഇടതു മുണ്ടന്മാർ പുരോഗമന വാദികൾ ആയി മാറുകയും തങ്ങളുടെ പുരോഗമന ആശയങ്ങളെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.

ഇടതു മുണ്ടന്മാരുടെ ആശയ പ്രചരണം ഊർജ്ജിതമായപ്പോൾ ജനങ്ങൾ ക്രമേണ അതിനെ ഇഷ്ടപ്പെടാനും അതിലേക്ക് അടുക്കാനും തുടങ്ങി. ഇതിൽ വിളറി പൂണ്ട വലതു മുണ്ടന്മാരിൽ ചെറിയ ഒരു കൂട്ടം യോഗം ചേരുകയും, വലതു മുണ്ടാന്മാരുടെ മൊത്തം കുത്തകാവകാശം സ്വയം ഏറ്റെടുത്ത്  ഇടതു മുണ്ടന്മാർക്കെതിരെ തിട്ടൂരം ഇറക്കുകയും ചെയ്തു.

"നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ഹനിക്കുന്ന എന്തിനെയും കായികമായി തന്നെ ഞങ്ങൾ നേരിടും...  "

"ഇടതു മുണ്ടന്മാരെ തെരുവിൽ നേരിടും... "

"അവന്മാരെക്കൊണ്ട് ഞങ്ങൾ മുണ്ട് തിരിച്ച് ഉടുപ്പിക്കും..."

"അതിനായി ഞങ്ങൾ രാജ്യത്തുടനീളം 'മുണ്ട് വാപസി' മേളകൾ നടത്തും...."

അങ്ങനെ രാജ്യത്ത് നിലനിന്ന പഴയ സമാധാന അന്തരീക്ഷം തകർന്നു. ഇടതു മുണ്ടന്മാർക്കെതിരെ അക്രമവും കയ്യേറ്റവും നിത്യ സംഭവമായി മാറി. അങ്ങനെ പൊരുതി മുട്ടിയ ഇടതു മുണ്ടന്മാരിലെ ഒരു കൂട്ടം യുവാക്കൾ യോഗം ചേർന്നു. അവർ കൂടിയാലോജിച്ചു.

"ഇങ്ങനെ വ്യക്തി സ്വാതന്ത്ര്യത്തിലും  സ്വകാര്യതയിലും ആരെങ്കിലും കടന്നു കയറുന്നത് നോക്കി നിൽക്കാൻ കഴിയില്ല."

"ഇന്ന് നാം മുണ്ടിന്റെ കാര്യം അന്ഗീകരിച്ചാൽ, നാളെ അവർ മുണ്ടിനടിയിലെ കളസതിനും നിബന്ധന വെക്കില്ല എന്നാരു കണ്ടു..."

"ഇത്തരം ഫാസ്സിസ്റ്റ് സമീപനക്കാർ കളസത്തിനു മാത്രമല്ല അതിനും അടിയിലെ കാര്യത്തിനും നിബന്ധന വെച്ചേക്കാം... അതാണ്ചരിത്രം പഠിപ്പിക്കുന്നത്, ആയതിനാൽ ഇത് മുളയിലെ നുള്ളിയെ തീരൂ..."

"എങ്ങിനെ ഇതിനൊരു പരിഹാരം കാണാൻ കഴിയും?"

"പൂച്ചക്കാരു മണി കെട്ടും?"

ഉത്തരമില്ല.....

"കായികമായി അവരെ നേരിടാം എന്ന നിർദ്ദേശം പ്രായോഗികമല്ല, കാരണം അവർക്കെതിരെ എന്തെങ്കിലും ആക്രമണം നടന്നാൽ അത് വലതു മുണ്ടന്മാർക്ക് എതിരെ ഉള്ള ആക്രമണമായി വ്യാഖ്യാനിക്കും അവർ അങ്ങനെ ബഹുഭൂരിപക്ഷം വരുന്ന സമാധാനപ്രിയരായ വലതു മുണ്ടന്മാരുടെ കൂടെ പിന്തുണ അവർ ആര്ജ്ജിക്കും. അത് കൂടുതൽ കുഴപ്പത്തിലെ കലാശിക്കൂ..."

"ഭൂരിപക്ഷവും ശക്തിയും ഒക്കെ മറുപുറത്ത് ആയതിനാൽ, രാജാവും മന്ത്രി മുണ്ടവന്മാരും നമ്മുടെ കൂടെ നിൽക്കും എന്നുറപ്പിക്കാനും വയ്യ"

"ഇനി എന്ത് ചെയ്യും?"

അങ്ങനെ അവസാനം അവർ ഒരു തീരുമാനത്തിൽ എത്തി ചേർന്നു.

" സാംസ്കാരിക ഫാസിസത്തിന് എതിരായി  ചെറുത്തു നിൽപ്പിൻറെ പ്രതീകാത്മകമായ ഒരു സമരം നടത്തുക."

"സമരം പ്രതീകാത്മകമാണ് എങ്കിലും ജനങ്ങളുടെ ശ്രദ്ധ പൂർണമായും പിടിച്ചു പറ്റാൻ കഴിയണം. അതിനുതകുന്ന ഒന്നാകണം സമര രീതി."

അങ്ങനെ അവർ സമര രീതിയും തീരുമാനിച്ചു.

"മുണ്ടുരിയൽ സമരം"

അഥവാ.... ഒരു നിശ്ചിത സ്ഥലത്ത് എല്ലാവരും ഒത്ത് ചേർന്ന് കൂട്ടമായി അവനവന്റെ മുണ്ട് പറിച്ച് ദൂരെക്കളയുക. പൊതു സ്ഥലത്ത് മുണ്ടുരിയുന്നത് അത്ര നല്ല കാര്യം ഒന്നുമല്ലെങ്കിലും ചില സന്ദർഭങ്ങളിൽ ചില എമ്പോക്കികളുടെ ചെകിടത്ത് ആഞ്ഞടിച്ച പോലെ ആവണമെങ്കിൽ ഇത്തരം കടും കൈകൾ ചെയ്യേണ്ടി വരും എന്ന നിഗമനത്തിലാണ് അവർ സമര രീതി തീരുമാനിച്ചത്.

വാർത്ത നാട്ടിലാകെ കാട്ടുതീ പോലെ പടർന്നു. കേട്ടവർ ഏറെയും നെറ്റി ചുളിച്ചു.

"എന്നാലും ഇങ്ങനെ ഒരു സമരം വേണമായിരുന്നോ?" പലരും അങ്ങനെ ചോദിച്ചു.

"സമരം ന്യായമെങ്കിലും സമര രീതിയോട് യോജിപ്പില്ലെന്ന്" മറ്റു ചിലർ.

"എന്ത് വില കൊടുത്തും സമരത്തെ നേരിടും അടിച്ചൊതുക്കും" എന്ന് സമര വിരുദ്ധർ...

ഇതേ സമയം സമര വിരുദ്ധർ സമരത്തിനെതിരെ വ്യാപകമായ പ്രചരണം അഴിച്ചു വിട്ടു. "അരാജകത്വം നിലനിൽകുന്ന ലോകത്തിന്റെ മറ്റേതോ കോണിൽ ജനങ്ങൾ വസ്ത്രമില്ലാതെ നടക്കുന്ന ഒരു രീതി ഉണ്ട്. അത് നമ്മുടെ നാട്ടിലും കൊണ്ട് വരുന്നതിന്റെ മുന്നോടിയായാണ് സമര രീതി".

എന്തായാലും, അവസാനം തീരുമാനിച്ചുറപ്പിച്ച സമര ദിനം വന്നെത്തി. സമരക്കാർ എത്തും മുൻപേ തന്നെ സമര വേദിയിൽ ജനം നിറഞ്ഞു. വലതു മുണ്ടൻ തിട്ടൂരക്കാരും മറ്റു ചില തിട്ടൂരക്കാരും സമരം തടയാനും അടിചോടിക്കാനും, വേറെ കുറെ എമ്പോക്കികൾ മുണ്ടൂരുന്നതിന്റെ ചേല് കാണാനും. അങ്ങനെ കലുഷിതമായി നിന്ന അന്തരീക്ഷത്തിലേക്ക് സമരകാർ എത്തി.

"അടിക്കെടാ... പിടിക്കെടാ... കൊല്ലടാ..." ആക്രോശങ്ങളുമായി സമര വിരുദ്ധർ പാഞ്ഞടുത്തു. എണ്ണത്തിൽ വളരെ കുറവായിരുന്ന സമരക്കാർ ജീവനും കൊണ്ട് ഓടി. ഓട്ടത്തിനിടയിൽ ചിലരുടെ മുണ്ട് താനെ അഴിഞ്ഞു വീണു. മറ്റു ചിലർ സമരാവേശത്താൽ മുണ്ട് പരിചെരിഞ്ഞു. അവർ ജീവനും കൊണ്ടോടി അഭയത്തിനായി ചെന്ന് കയറിയത് വലിയ മുണ്ടൻ കോയിത്തമ്പുരാന്റെ ദർബാറിൽ ആയിരുന്നു.

മുണ്ടുടുക്കാതെ ഓടിച്ചെന്ന ആളുകളെ നോക്കിക്കൊണ്ട് രാജാവ് ചോദിച്ചു

"ആരാ നിങ്ങളൊക്കെ..? എന്ത് വേണം നിങ്ങൾക്ക്..? എന്താ നിങ്ങളൊക്കെ ഇങ്ങനെ മുണ്ടുടുക്കാതെ നടക്കുന്നത്...?"

"പ്രഭോ.. ഞങ്ങടെ പിന്നാലെ ഓടി വന്ന ആൾക്കൂട്ടം  ഞങ്ങളെ ആക്രമിക്കാൻ വരുന്നു... കൊല ചെയ്യാൻ വരുന്നു... ഞങ്ങളെ രക്ഷിക്കണം പ്രഭോ..."

അവർ മറുപടി നൽകി. ഉടൻ രാജാവ് ആൾക്കൂട്ടത്തിന് നേരെ തിരിഞ്ഞു, എന്നിട്ട് ചോദിച്ചു.

" നിങ്ങൾ എന്തിനാണ് അവരെ ആക്രമിക്കാനും കൊല ചെയ്യാനും തുനിയുന്നത്..? എന്ത് അതിക്രമമാണ് അവർ കാണിച്ചത്? കുറ്റം ചെയ്തവരെ ശിക്ഷിക്കാൻ നാം ഇല്ലേ ഇവിടെ?"

ആൾക്കൂട്ടം പറഞ്ഞു.

"മഹാരാജാവേ... ഇവർ മുണ്ടുടുക്കാതെ വിവസ്ത്രരായി നടക്കുന്ന ഒരു അന്യ ദേശ സംസ്കാരം ഇവിടെ കൊണ്ട് വരാൻ ആസൂത്രിത ശ്രമം നടത്തുന്നു. അതിന്റെ മുന്നോടിയായി ഇവിടെ മുണ്ടുരിയൽ സമരം നടത്തുന്നു. അങ്ങനെ നമ്മുടെ നാടിന്റെ സംസ്കാരം ഇവർ നശിപ്പിക്കുന്നു. അതിനാലാണ് ഞങ്ങൾ അവരെ എതിർക്കുന്നത് പ്രഭോ..."

ഉടൻ മുണ്ടില്ലാത്തവർക്ക് നേരെ തിരിഞ്ഞ രാജാവ് ചോദിച്ചു.

" കേട്ടതൊക്കെ ശരിയാണോ"

ആരോപണം നിഷേധിച്ച അവർ സമരം വരെ എത്തിയ കാര്യങ്ങൾ രാജാവിന് മുന്നിൽ അവതരിപ്പിച്ചു. എല്ലാം കേട്ട രാജാവ് പറഞ്ഞു.

" ഇത് ഞാൻ വിശ്വസിക്കില്ല, കാരണം... നിങ്ങളെ പിന്തുടർന്ന് വന്നവരിൽ വലതു മുണ്ടന്മാർ മാത്രമല്ല, നിങ്ങളെപ്പോലുള്ള ഇടതു മുണ്ടന്മാരും ഉണ്ടല്ലോ?"

അപ്പോൾ മുണ്ടില്ലാത്തവർ ഏക സ്വരത്തിൽ മറുപടി പറഞ്ഞു.


"അല്ലയോ മഹാ രാജാവേ..... ഞങ്ങൾ ഇടതിനെയും വലതിനെയും പ്രതിനിധീകരിക്കുന്നില്ല... വ്യക്തി സ്വാതന്ത്ര്യത്തിനു നേരെ ഉള്ള കടന്നു കയറ്റത്തെയാണ് ഞങ്ങൾ പ്രതിരോധിക്കുന്നത്...  പിന്നെ, ഞങ്ങളെ ആക്രമിക്കാൻ വന്ന കൂട്ടത്തിലെ ഇടതു മുണ്ടാന്മാർ, അവർ ഇതിന് പിന്നിലെ അജണ്ടകൾ ഒന്നും മനസ്സിലാക്കാതെ ... കഥയറിയാതെ ആട്ടം കാണുന്നവരാണ് പ്രഭോ......"

No comments:

Post a Comment